മുവാറ്റുപുഴ നഗരസഭയിലെ സി.എഫ്.സി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ഡി.പി.സി. ഫണ്ട് വിനിയോഗത്തിൽ അപാകതകളുണ്ടെന്നും പ്രതിപക്ഷ വാർഡുകളെ പരിഗണിച്ചില്ലെന്നും നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും ആരോപിച്ച് പ്രതിപക്ഷം നൽകിയ പരാതിയിൽ, പദ്ധതികൾ പരിശോധിച്ച ഡി.പി.സി അംഗീകാരം നൽകി.
സി.എഫ്.സി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയാണ് ഡി.പി.സി പദ്ധതികൾക്ക് അംഗീകാരം നൽകിയത്.
പദ്ധതികൾ നടപ്പിലാക്കരുതെന്നും ഡി.പി.സി അംഗീകാരം നൽകരുതെന്നും പദ്ധതികൾ മരവിപ്പിക്കണമെന്നുമായിരുന്നു പ്രതിപക്ഷ കൗൺസിലർമാരുടെ ആവശ്യം. ഈ ആവശ്യം നഗരത്തിന്റെ വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കുമുള്ള വെല്ലുവിളിയും ജനാധിപത്യത്തിന് എതിരായ നിലപാടുമാണെന്ന് നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി പറഞ്ഞു.
വികസന പദ്ധതികളെ രാഷ്ട്രീയ ആരോപണങ്ങളിലൂടെ തടസ്സപ്പെടുത്താനുള്ള പ്രതിപക്ഷ നീക്കത്തിനും ഡി.പി.സി അംഗീകാരത്തോടെ തിരിച്ചടിയായിരിക്കുകയാണ്. നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സുതാര്യമായും നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചുമാണ് നഗരസഭ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നത്. ജനങ്ങളുടെ വികസന ആവശ്യങ്ങൾക്ക് മുൻഗണന നൽകി നഗരസഭ മുന്നോട്ടുപോകുമെന്നും ചെയർപേഴ്സൺ വ്യക്തമാക്കി.

Comments
0 comment